ഫോഡ് ഇന്ത്യ വിടുന്നു ഇക്കോസ്പോര്‍ട്ട്, എന്‍ഡവര്‍ വില്‍പ്പന സ്റ്റോക്ക് അവസാനിക്കുന്നത് വരെ
അമേരിക്കന്‍ കമ്പനിയായ ഫോഡ് മോട്ടോര്‍ ഇന്ത്യയിലെ ഉല്‍പാദനം അവസാനിപ്പിക്കുന്നു. സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലെ നിര്‍മാണ യൂണിറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും മസ്താങ്, മസ്താങ് മാക്ക് ഇ പോലുള്ള ഇറക്കുമതി വാഹനങ്ങള്‍ മാത്രമാകും ഇനി ഇന്ത്യയില്‍ ലഭിക്കുകയെന്നും ഫോഡ് ഇന്ത്യ പ്രസിഡന്റ് അനുരാഗ് മെഹ്രോത്ര പറഞ്ഞു.
ഇന്ത്യയിലെ വാഹനവിപണി നേരിടുന്ന കടുത്ത വെല്ലുവിളിയാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് അനുരാഗ് പറഞ്ഞു. ഇന്ത്യയിലെ വാഹനവിപണിയില്‍ ഫോഡ് നിക്ഷേപിച്ച 250 കോടി ഡോളറില്‍ 200 കോടി ഡോളറോളം നഷ്ടമുണ്ടായെന്നും ഈ നിലയില്‍ വലിയ മാറ്റങ്ങള്‍ ഉടനെയുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഫിഗോ, ആസ്പയര്‍, ഫ്രീസ്റ്റൈല്‍, ഇക്കോസ്പോര്‍ട്ട്, എന്‍ഡവര്‍ തുടങ്ങിയ വാഹനങ്ങളുടെ വില്‍പന നിലവിലെ സ്റ്റോക്ക് അവസാനിക്കുന്നതു വരെയുണ്ടാകുമെന്നും ഭാവിയില്‍ മസ്താങ്, മാക്ക് ഇ പോലുള്ള ഇറക്കുമതി വാഹനങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ ലഭിക്കുകയെന്നും അനുരാഗ് അറിയിച്ചു. എന്നാല്‍ നിലവിലെ ഫോഡ് ഉപഭോക്താക്കാള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ഫോഡ് ഉടമകളെ ഉപേക്ഷിക്കില്ലെന്നും തുടര്‍ന്നും അവര്‍ക്ക് തങ്ങളുടെ സേവനം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.